വയനാട് : മേപ്പാടിയിൽ ബേക്കറി ഉടമ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം. കടം വാങ്ങിയ പണത്തിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷിജു ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പണം പലിശയ്ക്ക് നല്‍കിയവരില്‍ ഒരാള്‍ കടയില്‍ കയറി ഷിജുവിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി.
ജൂലൈ 12നാണ് വയനാട് മേപ്പാടിയിലെ കെഎസ് ബേക്കറി ഉടമ ഷിജുവിനെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ഷിജു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാല്‍ കടയ്ക്കകത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ഷിജു ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
ഷിജുവിൻ്റെ കടയിലെത്തിയ സ്റ്റുഡിയോ ഉടമയായ ഒരാൾ ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്നും കൈയ്യേറ്റം ചെയ്തെന്നും മേപ്പാടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.