വയനാട്: വയനാട് ജില്ലയില്‍ വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
പുതിയകാലത്തേക്ക് ആവശ്യമായ മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാന്‍ വൈദ്യുതി വകുപ്പ് തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. പ്രസരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനുളള ട്രാന്‍സ് ഗ്രിഡ് പദ്ധതിക്ക് 10,000 കോടിയും വിതരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനുളള ദ്യുതി 2021 പദ്ധതിക്ക് 4000 കോടിയുമാണ് ചിലവിടുന്നത്. വൈദ്യുതി ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ ജല വൈദ്യുതി പദ്ധതികള്‍ അടക്കമുളള സാധ്യതകളും ഉപയോഗപ്പെടുത്തും. 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ കര്‍മ്മപരിപാടികള്‍ ബോര്‍ഡ് ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈദ്യുതി അദാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.