വയനാട്: വയനാട്ടിലെ കേണിച്ചിറയിൽ മൂന്നര വർഷം മുൻപ് നടന്ന ആദിവാസി യുവാവിന്‍റെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസിൽ പ്രതികളായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു. 2016 ഏപ്രിലിൽ കേണിച്ചിറ അതിരാറ്റുപാടി പണിയ കോളനിയിലെ മണിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ കേണിച്ചിറയിൽ വി.ഇ തങ്കപ്പനും മകൻ സുരേഷുമാണ് അറസ്റ്റിലായത്.
ഇരുവരും മണിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹത്തിന് സമീപം വിഷകുപ്പി വയ്ക്കുകയും ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശ്വാസം മുട്ടിയാണ് മരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 2018 മാർച്ചിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.