വയനാട്: പ്രതിപക്ഷത്തിന് ബിജെപിയുമായി സഖ്യം കൂടാനുള്ള അവസരമായിരിക്കുകയാണ് കെ റെയിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതിക്കെതിരെ രാഷ്ട്രീയമായി പുതിയ ഐക്യം രൂപപ്പെടുകയാണ്. എസ്‌ഡിപിഐയും ബിജെപിയും സമരത്തിൽ കോൺഗ്രസിനൊപ്പമാണ്. വിഷയത്തിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ വയനാട്ടിൽ പറഞ്ഞു.
കെ റെയിലിൽ കേരളത്തിന്‍റെ വികസന പ്രക്രിയക്ക് എതിരായാണ് എംപിമാർ മെമ്മോറാണ്ടം കൊടുത്തത്. പദ്ധതിക്കെതിരായ സമരത്തിൽ ഉണ്ടായ പൊലീസ് നടപടി സംഘർഷത്തിൽ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. പക്ഷെ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു.
ജനങ്ങളുടെ പരാതി എല്ലാം കേട്ട ശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതിക്കെതിരെ തുറന്ന കത്തെഴുതിയ സിപിഐ നേതാക്കളുടെ മക്കൾ പാർട്ടി അംഗങ്ങളല്ല. പാർട്ടി തീരുമാനമനുസരിച്ചാണ് കെ റെയിൽ പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെടുന്നത്. പദ്ധതി നടത്തിപ്പിന് കേന്ദ്രാനുമതിയോടെ വിദേശ വായ്‌പയെടുക്കും. ഇല്ലെങ്കിൽ വിദേശ മലയാളികളിൽ നിന്ന് പണം കണ്ടെത്തുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐക്ക് രാജ്യസഭ സീറ്റ് നൽകിയത് വിലപേശലിന്‍റെ ഭാഗമായി എന്ന എം.വി ശ്രേയാംസ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിക്കാനോ വിവാദത്തിനോ ഇല്ലെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് തീരുമാനിച്ച കാര്യമാണിതെന്നും അദ്ദേഹത്തിന് ഇതൊക്കെ പറയേണ്ട കാര്യമെന്തെന്നും കാനം രാജേന്ദ്രൻ വയനാട്ടിൽ പറഞ്ഞു.
Also Read: കേരളത്തെ കലാപഭൂമിയാക്കാൻ പ്രതിപക്ഷ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ