വയനാട്: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി വയനാട്ടിൽ വാക്‌സിനേഷന്‍ നടന്നു. സി.കെ. ശശീന്ദ്രൻ എം.എൽ.എയാണ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ലയിലെ തെരഞ്ഞെടുത്ത 9 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നടന്നത്. 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത 12,010 ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 9,590 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകളാണ് ജില്ലയില്‍ എത്തിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ആയുര്‍വേദ, ഹോമിയോ, ദന്തല്‍ വിഭാഗങ്ങളില്‍ നിന്നുളളവരും ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരും വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടും. രണ്ടാം ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകരായ പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 50 വയസിന് താഴെ പ്രായമുളള പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗമുളളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും. 18 വയസിന് താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കില്ല.