തിരുവനന്തപുരം: പാമ്പുകടിയേറ്റ് സ്ക്കൂൾ വിദ്യാർഥി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയോട് നടപടി ആവശ്യപെട്ട് കോണ്‍ഗ്രസ് നേതാവും വയനാട്ടില്‍ നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധി. സുല്‍ത്താന്‍ ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലാണ് എംപിയുടെ ഇടപെടല്‍. വിദ്യാർഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ കത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന വികസനത്തെ കുറിച്ച് ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാന്‍ സർക്കാർ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥ കാരണമാണ് വിദ്യാർഥി മരിച്ചതെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും വിദ്യാർഥികളും ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.