വയനാട് : വയനാട്ടിൽ സമഗ്ര വികസനം സാധ്യമാക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിനായി സമഗ്ര വികസന കര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതാനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം.
വിവിധ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തീകരിക്കാവുന്നവ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാവുന്നവ എന്നീ അടിസ്ഥാനത്തിലായിരിക്കണം പദ്ധതി സമര്‍പ്പിക്കേണ്ടത്.
വയനാടിന്‍റെ സമഗ്ര വികസനം ഉറപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ കൂടുതല്‍ സി.എസ്.ആര്‍ ഫണ്ടുകളും കണ്ടെത്തും.
ഇവ ഉപയോഗപ്പെടുത്തി ജില്ലയില്‍ കൂടുതല്‍ സ്മാര്‍ട്ട് അംഗനവാടികളുടെ നിര്‍മാണവും, സ്‌കൂള്‍-ആരോഗ്യ സ്ഥാപനങ്ങളുടെ ആസ്തി വികസനവും സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര കുടിവെള്ള പദ്ധതി
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
മുഴുവന്‍ ആദിവാസി കോളനികളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. പദ്ധതിയില്‍ ഇതുവരെ 5,954 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനായി 758 ലക്ഷം രൂപ ചെലവഴിച്ചതായി യോഗം വിലയിരുത്തി.
2024 ഓടെ 13,4456 കണക്ഷനുകള്‍ കൂടി നല്‍കി മുഴുവന്‍ ഗ്രാമപഞ്ചായത്തിലും കുടിവെളളം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും ഇക്കാര്യത്തില്‍ കൃത്യമായ മോണിറ്ററിംഗ് നടത്താനും എം.പി നിര്‍ദേശിച്ചു.
പി.എം.ജി.എസ്.വൈ, സെന്‍ട്രല്‍ റോഡ് ഫണ്ട് എന്നീ പദ്ധതികളില്‍ നിലവില്‍ ലഭിക്കുന്ന റോഡ് വിഹിതം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ആരോഗ്യമേഖലയില്‍ അത്യാധുനിക സംവിധാനത്തോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സമര്‍പ്പിക്കാനും തൊഴില്‍ നൈപുണ്യ വികസനത്തിനായി ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കൂടുതല്‍ ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കാനും ഉള്ള പദ്ധതികള്‍ തയ്യാറാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, അഡ്വ. ടി.സിദ്ധിഖ്, ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also read: കര്‍ഷകര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമെന്ന് രാഹുല്‍ ഗാന്ധി