കല്‍പ്പറ്റ: വയനാട്ടില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍. ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ളയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ന് രാത്രി 12 മണി മുതല്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ ആറ് മണിവരെയാണ് ലോക്ക്ഡൗണ്‍. പ്രതിരോധത്തിന്‍റെ ഭാഗമായി തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലുമാണ് ലോക്ക് ഡൗണ്‍. ജില്ലയില്‍ കൊവിഡ് 19 വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് 43 പേർക്ക് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
കുറ്റ്യാടി, പേരിയ, ബോയ്‌സ് ടൗണ്‍ ചുരങ്ങള്‍ വഴിയുളള യാത്രകള്‍ അത്യാവശ്യ കാര്യങ്ങങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അനുവദിക്കുക. ഇതിന്‍റെ ഭാഗമായി ചുരങ്ങളില്‍ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും. കൊവിഡ് പരിശോധന നടത്തുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ആറ് സംഘങ്ങളെ വിനിയോഗിക്കും. തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഓരോ സംഘത്തെ നിയോഗിക്കും. ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി.
വാളാട് മാത്രം ഇന്ന് 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രദേശത്ത് മരണാനന്തരചടങ്ങിൽ 150 പേരും വിവാഹത്തിന് 400 പേരും പങ്കെടുത്തിരുന്നു. ചടങ്ങുകൾ നടത്തിയവർക്കെതിരെയും പങ്കെടുത്തവർക്ക് എതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എൽപി സ്‌കൂളിൽ എത്തിയ അധ്യാപകന് രോഗം സ്ഥിരീകരിച്ചതോടെ അഞ്ച് അധ്യാപകരും, 11 വിദ്യാർത്ഥികളും, സ്‌കൂളിലെ ആയയും നിരീക്ഷണത്തില്‍ പോയി. ആരോഗ്യവകുപ്പ് അധികൃതര്‍ സകൂളും പരിസരവും അണുവിമുക്തമാക്കി. സുൽത്താൻബത്തേരിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.