വയനാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളെ പ്രചരണത്തിന് ഇടയിൽ വ്യക്തിഹത്യ നടത്തിയതായി പരാതി. പുൽപ്പള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പി എൻ ശിവനാണ് പരാതിക്കാരൻ. വൃക്കരോഗിയായ ശിവൻ ഉടൻ മരിക്കുമെന്ന് എതിർ സ്ഥാനാർഥികൾ പ്രചാരണം നടത്തിയെന്നാണ് പരാതി.
വൃക്കരോഗിയായ ശിവൻ അത്യാസന്നനിലയിൽ ആണെന്നും മൂന്നു മാസത്തിനകം മരിക്കുമെന്നും എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ പ്രചരിപ്പിച്ചു എന്നാണ് ശിവൻ പറയുന്നത്. കൂടാതെ ആശാവർക്കറും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന് ശിവൻ പരാതിപ്പെടുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. മുൻപ് നാനൂറോളം വോട്ടിന് ഇതേ വാർഡിൽ നിന്ന് വിജയിച്ച ശിവൻ ഇത്തവണ 24 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.