വയനാട് : ജെആർപി സംസ്ഥാന ട്രഷറര്‍ പ്രസീത തനിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.കെ. ജാനു. ആരോപണങ്ങള്‍ താന്‍ തള്ളിക്കളയുന്നു. തനിക്കെതിരെ ഇത്തരത്തിൽ ആക്ഷേപങ്ങള്‍ ഉന്നയിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പ്രസീതയടക്കമുള്ളവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പാർട്ടിയുടെ പേരിലായിരുന്നു ഇത്ര നാള്‍ ആരോപണമെങ്കിൽ ഇപ്പോഴത് വ്യക്തിഹത്യയെന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. നിലവിൽ തനിക്ക് അത്തരത്തിൽ എന്തെങ്കിലും ഇടപാടുകൾ നടത്തണമെങ്കിൽ ഇടനിലക്കാരുടെ ആവശ്യമില്ല. നേരിട്ട് തന്നെ ചെയ്യാനുള്ള കഴിവും അറിവും തനിക്കുണ്ടെന്നും ജാനു കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്ക്ക്: 'ജാനു 10 കോടി ചോദിച്ചു, സുരേന്ദ്രൻ 10 ലക്ഷം കൊടുത്തു'; വെളിപ്പെടുത്തി ജെആർപി ട്രഷറർ
ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയുടെ ആരോപണങ്ങൾ:
സുൽത്താൻ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കുന്നതിന് കെ സുരേന്ദ്രനോട് സി.കെ. ജാനു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പ്രസീതയുടെ ആരോപണം. എന്നാല്‍ 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കി. പണവും ബത്തേരി സീറ്റും തെരഞ്ഞെടുപ്പ് ഫണ്ടും പ്രസീത ജാനുവിന്‍റെ പേരില്‍ കെ. സുരേന്ദ്രനോട് ആവശ്യപ്പെടുന്ന ശബ്‌ദരേഖ പുറത്തുവന്നിരുന്നു. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ്. തുടര്‍ന്നും സി.കെ. ജാനുവിന് സുരേന്ദ്രൻ പണം നൽകിയിട്ടുണ്ടെന്നും പ്രസീത ആരോപിച്ചിരുന്നു.
ബത്തേരിയിൽ മാത്രം 1.75 കോടി രൂപെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഴുക്കിയെന്നാണ് വിവരം. സി.കെ. ജാനു മുഖംമൂടി മാത്രമാണെന്നും ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്‌തതെന്നും പ്രസീത ആരോപിച്ചു. പാർട്ടിയെ മറയാക്കി പണം വാങ്ങുകയാണ് ജാനു ചെയ്‌തത്. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്ക് മാറ്റിയതെന്നും പ്രസീത പറഞ്ഞിരുന്നു.
Also Read: കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ