വയനാട്: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ലഘുലേഖ വയനാട് ജില്ലാ കലക്ടർ ബിജെപി പ്രവർത്തകരിൽ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം വിവാദമാകുന്നു. ചിത്രം തെറ്റായ അർഥത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതാണ് വിവാദമായത്. ജില്ലാ ഭരണാധികാരി എന്ന നിലയിൽ ലഘുലേഖ ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു.
നിയമം സംബന്ധിച്ച തന്‍റെ അഭിപ്രായം ബിജെപി പ്രവർത്തകരെ അപ്പോൾ തന്നെ അറിയിച്ചതാണെന്നും ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നവർ താൻ പറഞ്ഞ കാര്യങ്ങളും പ്രചരിപ്പിക്കാൻ തയ്യാറാകണമെന്നും കലക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകരിൽ നിന്ന് കലക്ടർ ലഘുലേഖ ഏറ്റുവാങ്ങിയത്.