വയനാട്: സംസ്ഥാനത്ത് വാഴ കർഷകർ ദുരിതത്തിൽ. വിളവെടുത്തത് ലോക് ഡൗണിനെ തുടർന്ന് വിൽക്കാൻ മാർഗ്ഗമില്ലാതായതോടെയാണ് കർഷകർ കഷ്ടത്തിലായത്. പ്രാദേശികമായി കൃഷിചെയ്ത പച്ചക്കറി അതത് പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ എത്തിക്കാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് പച്ചക്കറി മാത്രമാണ് ഇവിടെ ആവശ്യം. വീടിനോട് ചേർന്നല്ലാതെ കൃഷി ചെയ്യുന്നവർക്ക് കൃഷിയിടത്തിലേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
നേന്ത്രക്കായയുടെ വില ഈ സീസണിൽ കൂപ്പുകുത്തിയിരുന്നു. ഇതോടൊപ്പം കൊവിഡ് - 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളും കൂടി ആയതോടെ വാഴ കര്‍ഷകര്‍ ദുരിതത്തിലായി. കർണ്ണാടകത്തിൽ വാഴ കൃഷി ചെയ്യുന്ന വയനാട്ടുകാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കാർഷിക മേഖലയേയും അവശ്യ സർവീസ് മേഖലയിൽ ഉൾപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.