വയനാട്: വയനാട്ടിൽ പുൽപ്പള്ളിക്കടുത്ത് സീതാ മൗണ്ടിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ വനംവകുപ്പിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി. കൊളവള്ളി പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസമാണ് കടുവയെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സേവ്യം കൊല്ലിയിലെ വീട്ടമ്മയാണ് കടുവയെ ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച ഉച്ചയോടെ വയലിൽ പുല്ലരിയുന്നവർ കടുവയെ കണ്ടു. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് കൃഷിയിടത്തിൽ കടുവയെ കണ്ടത്.
സന്ധ്യയോടെ ജാഗ്രത നിർദ്ദേശം നൽകിയ ശേഷം കടുവയെ വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ബുധനാഴച്ച മുതൽ ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൊളവള്ളി.കടുവയെ കൃഷിയിടത്തിൽ നിന്ന് തുരത്തുന്നതിന് പകരം മയക്കുവെടി വച്ചോ കൂട് സ്ഥാപിച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.