വയനാട്: സുൽത്താൻബത്തേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കടൽമാട് കുളമ്പിൽ സത്യദേവൻ എന്ന കുട്ടൻ ( 54) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ബത്തേരി സർവ്വജന സ്‌കൂളിന് സമീപം കൃപ മെസ്സിലേക്ക് ആംബുലൻസ് ഇടിച്ച് കയറിയാണ് സത്യദേവന് ഗുരുതരമായി പരിക്കേറ്റത്.
ALSO READ: മോഹനൻ വൈദ്യരുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്
പാർസൽ വാങ്ങാൻ മെസ്സിലെത്തിയ കുട്ടൻ കൈ കഴുകാൻ വാഷ് ബേസിനടുത്തേക്ക് പോയതായിരുന്നു. ഈ സമയം രോഗിയെ കയറ്റാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിംസ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കയച്ചു.