വയനാട്: മാനന്തവാടി നഗരസഭ പരിധിയിലെ കുറുക്കന്‍മൂലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശവാസിയായ ബൈജു മാത്യുവിന്‍റെ ഫാമിലെ പന്നികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്‌ച സാമ്പിളെടുത്ത് പരിശോധനക്കായി അയച്ചത്.
ഇതുവരെ ഈ ഫാമിലുള്ള മുപ്പതോളം പന്നികള്‍ ചത്തതായാണ് വിവരം. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികള്‍ ഉള്‍പ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ഇന്ന് ദയാവധത്തിന് ഇരയാക്കുമെന്ന് ജില്ല വെറ്ററിനറി സര്‍ജന്‍ ഡോ. ജയരാജ് പറഞ്ഞു. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. കെ എസ് സുനില്‍, ഡോ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ടീമംഗങ്ങള്‍ നാളെ രാവിലെ മുതലാണ് പന്നികളെ ദയാവധത്തിനിരയാക്കുക.
ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന്, നെന്മേനി പഞ്ചായത്തിലും പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പിന്നീട് രണ്ടാഴ്‌ച മുമ്പ് എടവകയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ പന്നിപ്പനി ജന്തുജന്യ രോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍, പന്നികളില്‍ ഇത് അതീവ മാരകവും സാംക്രമികവും ആയതിനാല്‍ പന്നിവളര്‍ത്തല്‍ മേഖലയെ ഈ രോഗബാധയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്.