വയനാട്: പട്ടിക വർഗവിഭാഗത്തിൽപെട്ടയാൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തിൽ വൈത്തിരി തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം. സംഭവത്തിൽ പട്ടികജാതി - പട്ടികവർഗ കമ്മീഷൻ നിബന്ധനകൾ ഒഴിവാക്കി പരാതിക്കാരന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്‍റ് അമ്മിണി.കെ. കൽപ്പറ്റയിൽ പറഞ്ഞു.
മുട്ടിൽ സ്വദേശി ഡോ. അഭിജിത്തിന് എം.ഡി പഠനത്തിന് നൽകാൻ വൈത്തിരി തഹസിൽദാർ ജാതിസർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. അഭിജിത്തിന്‍റെ പിതാവ് ക്രിസ്ത്യാനിയും അമ്മ ആദിവാസി കുറുമ സമുദായത്തിൽപെട്ടയാളുമാണ്. അമ്മ സർക്കാർ ഉദ്യോഗസ്ഥ ആയതു കൊണ്ടാണ് തഹസിൽദാർ ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചത്. എന്നാൽ പിന്നീട് ജില്ലാ കലക്ടറുടെ നിർദ്ദേശമനുസരിച്ച് പഠനാവശ്യത്തിനു വേണ്ടി മാത്രം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.