വയനാട്: ക്ലാസ് മുറിയില്‍ ടീച്ചറിന്‍റെ പാട്ടിനൊപ്പം ഡെസ്ക്കില്‍ താളമിട്ട അഞ്ചാംക്ലാസുകാരൻ അഭിജിത്തിനെ ഓർമയില്ലേ...ആ താളവും കുഞ്ഞു ചിരിയും എങ്ങനെ മറക്കുമല്ലേ... മന്ത്രിമാരും എംഎല്‍എയും ജില്ല കലക്‌ടറുമടക്കം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം അഭിജിത്തിന് അഭിനന്ദനവുമായി എത്തിയത്. പാട്ടിന് താളമിട്ട് നാടറിഞ്ഞ് താരമായ അഭിജിത്തിനെ തേടിയെത്തിയപ്പോഴാണ് മഴയില്‍ മുങ്ങിയ വീടും പരിസരവും കണ്ടറിഞ്ഞത്.
തിരുനെല്ലി പഞ്ചായത്തിൽ കാട്ടിക്കുളം ടൗണിൽ നിന്നും മീറ്ററുകൾ മാത്രം മാറി അമ്മാനി പണിയ കോളനിയില്‍ മഴക്കാലമായാല്‍ ഉറവ പൊട്ടി സെപ്റ്റിക് ടാങ്കുകൾ അടയും. മഴ പെയ്‌താല്‍ ചോർന്നൊലിക്കുന്ന ഏത് നിമിഷവും നിലം പൊത്താവുന്ന ചെറുകുടില്‍. അവിടെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും. സ്വന്തമായി വീടില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുടില്‍ കെട്ടിയവരാണ് ഈ കോളനിയില്‍ അധികവും.
ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ഇവർക്കെല്ലാമുണ്ട്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ വീടിന് അനുമതി നല്‍കാനാവില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. സംഗീത അധ്യാപികയുടെ പാട്ടിന് താളമിട്ട പ്രതിഭാധനനായ അഭിജിത്തിന്‍റെ ജീവിതം കൂടി മന്ത്രിമാരും എംഎല്‍എയും അറിയണം. പറ്റുമെങ്കില്‍ ഇവർക്ക് വീടുണ്ടാക്കാൻ ഭൂമി അനുവദിക്കണം.
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ദിനങ്ങളും അഭിനന്ദന പ്രവാഹവും അവസാനിച്ചാലും കയ്യില്‍ കിട്ടുന്നതില്ലെല്ലാം അഭിജിത്ത് താളമിടും. ഒരു വീടെന്ന സ്വപ്‌നം മനസില്‍ സൂക്ഷിക്കുന്നുണ്ട് അവനെപ്പോഴും...
വൈറല്‍ പാട്ടിന് പിന്നിലെ കഥ: വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. ഒരാഴ്‌ച മുൻപാണ് സ്‌കൂളിലെ സംഗീത അധ്യാപികയായ അഞ്ജന എസ് കുമാർ പാട്ടിന് താളമിടാൻ അഭിജിത്തിനോട് പറഞ്ഞത്. അതിനു മുൻപ് പലതവണ ഡെസ്‌ക്കിലും വാതിലിലും അഭിജിത്ത് താളമിടുന്നത് ടീച്ചർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ടീച്ചർ വിളിച്ചപ്പോൾ ആദ്യം അഭിജിത്ത് മടിച്ചു നിന്നു.
പക്ഷേ ടീച്ചർ പാടിത്തുടങ്ങിയപ്പോൾ അഭിജിത്ത് ഡെസ്ക്കില്‍ താളമിട്ടു തുടങ്ങിയിരുന്നു. ടീച്ചർ തന്നെയാണ് ഇതിന്‍റെ ദൃശ്യം മൊബൈലില്‍ പകർത്തിയത്. അത് ക്ലാസ് ടീച്ചറായ അർഷിതയ്ക്ക് അയച്ചുകൊടുത്തു. അർഷിത ടീച്ചർ ഫേസ് ബുക്കില്‍ ഈ വീഡിയോ ഷെയർ ചെയ്‌തതോടെയാണ് അഭിജിത്തും അഞ്ജന ടീച്ചറും ചേർന്നുള്ള പാട്ടും താളവും വൈറലായത്.
മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, വി ശിവൻകുട്ടി, ഒആർ കേളു എംഎല്‍എ എന്നിവർ അഭിജിത്തിനെ അഭിനന്ദിച്ച് ഫേസ് ബുക്കില്‍ കുറിപ്പുമിട്ടു. കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്‍റെയും ആതിരയുടേയും മകനാണ് അഭിജിത്ത്. അരുണിത, അനശ്വര എന്നിവരാണ് സഹോദരങ്ങൾ.
പാട്ടും പാടി പഠിക്കാം: വയനാട്ടിലെ വിദ്യാലയങ്ങളില്‍ ഗോത്ര വിഭാഗങ്ങളിലെ കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കാൻ അവർക്ക് താല്‍പര്യമുള്ള പാട്ടും നൃത്തവുമൊക്കെ അധ്യാപകർ അവതരിപ്പിക്കാറുണ്ട്. വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനാണിത്. കുട്ടികൾക്ക് പ്രയാസമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനിടെ അധ്യാപകർ പാട്ടു പാടുന്നത് പതിവാണ്. ഇത് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയെന്നാണ് അധ്യാപകർ പറയുന്നത്.