വയനാട്: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 മാസം പ്രായമുള്ള കുഞ്ഞും. നേരത്തെ മാനന്തവാടിയില്‍ രോഗബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കുഞ്ഞിന്‍റെയും അമ്മയുടെയും സ്രവം ആദ്യഘട്ടത്തില്‍ പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു. രണ്ട് ദിവസം മുൻപാണ് കുഞ്ഞിനെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് അമ്മയുടെയും കുഞ്ഞിന്‍റെയും സ്രവം വീണ്ടും പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ല ഭരണകൂടം റിവേഴ്സ് ക്വാറന്‍റൈൻ സംവിധാനം തുടങ്ങാൻ നീക്കമുണ്ട്. ഇതിന്‍റെ ഭാഗമായി ഗുരുതരമായ ആരോഗ്യ പ്രശന്ങ്ങൾ ഉള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും ക്വാറന്‍റൈൻ മുൻകരുതലുകൾ എടുക്കാൻ നടപടി സ്വീകരിക്കും. വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കർണാടക അതിർത്തിയിലുള്ള മൂലഹള്ള ചെക്പോസ്റ്റിലും വൈത്തിരിയിലുമാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയമിക്കുക.