തൃശൂര്‍: അന്തിക്കാട് യുവാവ് ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പടിയം സ്വദേശിനി ഓമന (62) ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മണലൂർ സ്വദേശിയായ 38 കാരന്‍ നിധീഷിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ഒരു മാസത്തോളമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന നിധീഷ് തിങ്കളാഴ്‌ച ഭാര്യ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിലെത്തി ബഹളം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് രാത്രി 9.45 ഓടെ അന്തിക്കാടുള്ള ഭാര്യ വീട്ടിലെത്തിയും വീണ്ടും ബഹളം ഉണ്ടാക്കി.
ഇതിനിടെ ഭാര്യാമാതാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് കുത്തേറ്റ ഇവരുടെ താടിയെല്ലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അന്തിക്കാട് പൊലീസാണ് ഇവരെ ആദ്യം കാഞ്ഞാണിയിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണലൂരിൽ നിന്നും എസ്എച്ച്ഒ പി കെ ദാസ്, സിപിഒമാരായ ബിജു, രാം കാർത്തിക്, ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ വീട്ടിൽ അതിക്രമിച്ചു കയറിയതിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.