തൃശൂര്‍: സിനിമാ സ്ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. ഒരു വിഭാഗം ആളുകളുടെ ഇടപെടൽ മൂലം ചില തിയേറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കുന്ന രീതിക്ക് ഇനി മുതല്‍ മാറ്റം വരും. തൃശൂരിലെ ആമ്പല്ലൂരില്‍ സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ 11.05 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സിന്‍റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ സിനിമകള്‍ വൈഡ് റിലീസ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. ഗ്രാമ പ്രദേശത്തുള്ളവര്‍ക്കും സിനിമകൾ കാണാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. അതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയുമായി സഹകരിച്ച് എല്ലാ ജില്ലാകളിലും സാംസ്‌കാരിക വകുപ്പ് കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കും. കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരുടെ പേരിൽ 60 കോടി രൂപ ചിലവിട്ടാകും കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കുക. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ എൻ.മായ, അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ് അംഗങ്ങളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രിയനന്ദൻ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി അംഗം കെ.ജെ. ഡിക്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.