തൃശൂര്‍: ആനമല റോഡില്‍ വാഹന യാത്രക്കാരെ വിറപ്പിച്ച് വീണ്ടും കാട്ടാനയിറങ്ങി. മദപ്പാടിലുള്ള ഒറ്റയാന്‍ കബാലിയാണ് ഇന്നും റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞത്. ഇന്ന് വെളുപ്പിന് മലക്കപ്പറയിൽനിന്ന് തേയിലയുമായി വന്ന ലോറി ഉൾപ്പടെയാണ് ആന തടഞ്ഞത്. വാഹനങ്ങൾ ഏറെ ദൂരം പിറകോട്ടെടുത്താണ് ആനയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്.
ഷോളയാർ പവർ ഹൗസ് റോഡിലേക്ക് ആന കയറിപ്പോയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ ആന വാഹനങ്ങള്‍ തടഞ്ഞിരുന്നു. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ എട്ട് കിലോമീറ്ററിലേറ ദൂരം പിറകോട്ടെടുത്താണ് ഇന്നലെ ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് ഒറ്റയാൻ ഇന്ന് വീണ്ടും റോഡിലിറങ്ങിയത്.
കഴിഞ്ഞ ദിവസം മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്കുള്ള രണ്ട് കെഎസ്ആര്‍ടിസി ബസുകളും ചാലക്കുടിലേക്കും വാല്‍പ്പാറയിലേക്കമുള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങളാണ് വനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങി കിടന്നത്. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള വനപാതയില്‍ വാഹനങ്ങള്‍ പിറകോട്ടെടുക്കല്‍ ഏറെ ശ്രമകരമായിരുന്നു.
ഒടുവില്‍ ആനക്കയത്ത് വച്ച് ഒറ്റയാന്‍ കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ യാത്ര തുടർന്നത്. കഴിഞ്ഞ ആഴ്‌ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതോൽപാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്‍റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും കബാലിയാണ്. പതിവായി ആന വാഹനങ്ങളെ ആക്രമിക്കും വിധത്തിൽ റോഡിലിറങ്ങുന്നതിന്‍റെ ഭയത്തിലാണ് യാത്രക്കാരും വിനോദ സഞ്ചാരികളും.
Read more: ചിന്നം വിളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ