തൃശൂര്‍: ജില്ലയിലെ മെഡിക്കൽ കോളജിന് സമീപം മാലിന്യ പ്രശ്‌നം രൂക്ഷം. മെഡിക്കൽ കോളജ് ഡിവിഷനിലെ ഡെന്‍റല്‍ കോളജിന് പിറകിലുള്ള പാതയിലും പരിസരത്തുമാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. നഗരസഭയുടെ 'സവർശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതി'യ്‌ക്ക് കല്ലുകടിയായിരിക്കുകയാണ് ഈ പ്രശ്‌നം.
വിജനമായ ഈ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ മദ്യ കുപ്പികളും, കോഴി മാലിന്യക്കടയിലെ മാലിന്യങ്ങളും ആളുകള്‍ കൂട്ടമായി തള്ളുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഉപയോഗിച്ച മാസ്‌ക്കുകള്‍, കാലാവധി തീർന്ന മരുന്നുകൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന്‍ സമീപ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മഴ പെയ്യുന്നതോടെ മാലിന്യ കൂമ്പാരത്തിലൂടെ വെളളമൊഴുകി തൊട്ടടുത്തുളള വയലുകളിലേക്കും, ജനവാസ മേഖലയിലെ കിണറുകളിലും കലരാന്‍ സാധ്യത കൂടുതലാണ്. ഇതുവഴി മാരക രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവയ്‌ക്കുന്നു.
പ്രദേശത്ത്, മാലിന്യം നിക്ഷേപിക്കരുതെന്ന് നഗരസഭ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നിരസിച്ചാണ് ആളുകള്‍ മാലിന്യം കൊണ്ടുതള്ളുന്നത്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.