തൃശൂര്‍: നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈടെക് ബസ് ഹബ്ബ് നിര്‍മിക്കുന്നു. ആറ് കോടിയോളം രൂപ ചെലവിൽ 6,000 ചതുരശ്ര അടിയിലാണ് വടക്കേ ബസ് സ്‌റ്റാന്‍ഡ് ഹൈടെക് ആക്കുന്നത്. യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ബസ് ഹബ്ബിൽ ഒരുക്കുക. സൗജന്യ വൈഫൈ, സൗജന്യ ശുചിമുറികള്‍, യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ, എൻക്വയറി, അനൗൺസ്‌മെന്റ് മുറി, മെഡിക്കൽ സ്റ്റോർ, മിനി ക്ലിനിക്, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയവയാണ് ഹബ്ബിന്‍റെ പ്രത്യേകതകള്‍. സൗത്ത് ഇന്ത്യൻ ബാങ്ക് സിഎസ്ആർ പ്രോഗ്രാമിന്‍റെ ഭാഗമായി തൃശൂർ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബസ് ഡ്രൈവർമാർക്കായി ചേംബർ, എടിഎം കൗണ്ടർ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പ്, സ്റ്റേഷനറി ഷോപ്പ് എന്നിവക്ക് പുറമെ പ്രീ പെയ്ഡ് ടാക്സി ബൂത്തുകൾ, കിയോസ്‌കുകൾ, സ്റ്റോർ റൂം, പൊലീസ് എയ്‌ഡ് പോസ്റ്റ്, ബുക്ക് ഷോപ്പുകൾ എന്നിവയുമുണ്ടാകും. ഹബ്ബിന് ആവശ്യമായ വൈദ്യുതി സൗരോർജ്ജ സംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.