തൃശൂർ: ചാവക്കാട് പാറൻ പടിക്ക് സമീപം കുമരംപടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു പേരിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാൾ മുങ്ങി മരിച്ചു, മറ്റു രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ചു. ബ്ലാങ്ങാട് കുമരംപടിയിൽ ബാബുവിന്‍റെ മകൻ വിഷ്‌ണുവാണ് (19) മരിച്ചത്. കാണാതായ ജിഷ്‌ണു സാഗറിനെയും ജഗന്നാഥനെയും കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. രാവിലെ 9 മണിയോടെ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടലിൽ പോയപ്പോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
തൃശൂർ വാടാനപ്പിള്ളി, തളിക്കുളത്തും കടലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർഥി മുങ്ങി മരിച്ചു. തൃശൂര്‍ തളിക്കുളം തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. വാടാനപ്പള്ളി സൗത്ത് ജുമാ മസ്‌ജിദിലെ വടക്കുഭാഗം താമസിക്കുന്ന മുജീബിന്‍റെ മകൻ അബ്ദുൽ ബാസിത്ത് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ നാലു പേർ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്നവർ ചേർന്ന് ബാസിത്തിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി ഗവൺമെന്‍റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ബാസിത്ത്.