തൃശൂർ: കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ ജില്ലയിൽ രണ്ട് പേർ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ പഴഞ്ചേരി വീട്ടിൽ റെജിൽ (30), ഏങ്ങണ്ടിയൂർ പോളു വീട്ടിൽ അതുൽ (22) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചെന്ന തരത്തിലാണ് ഇവർ സന്ദേശം പ്രചരിപ്പിച്ചത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. റൂറൽ പൊലീസും സിറ്റി പൊലീസും എട്ടു പേരെ വീതം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് പേരും തൃശൂർ ജനറൽ ആശുപത്രിയിൽ രണ്ട് പേരും ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിൽ രണ്ട് പേരുമുൾപ്പെടെ എട്ടുപേർ ആശുപത്രികളിലും 233 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്.