തൃശൂർ: സുരക്ഷ സേനകൾക്ക് ശക്തി പകരാൻ ഡോഗ് സ്ക്വാഡിനെ പരിശീലിപ്പിക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നിയുടെ സ്വന്തം റിങ് മാസ്റ്ററായ അവിനാഷ്. വിദേശ രാജ്യങ്ങളിലെ പൊലീസ് സേനക്ക് വേണ്ടിയുള്ള ഡിറ്റക്ഷൻ ഡോഗ്സിനാണ് അവിനാഷ് പരിശീലനം നല്‍കുന്നത്. തൃശൂര്‍ ചെന്ത്രാപ്പിന്നി പതിനേഴിൽ ദേശീയ പാതയോട് ചേർന്നുള്ള നായ പരിശീലന കേന്ദ്രത്തിലാണ് ശ്വാനന്മാർക്ക് പരിശീലനം.
ഭീകരരെ പിന്തുടർന്ന് പിടിക്കുന്ന വംശത്തിൽ പിറന്ന അനിക്ക, സ്ഫോടക വസ്തുക്കൾ കണ്ടെത്തി അപകട സൂചന നല്‍കുന്ന ബ്ലാക്കി, മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടുന്ന ഷാഡോ, ജർമ്മൻ പട്ടാളത്തിന്‍റെ കാവൽക്കാരൻ എന്ന വിശേഷണത്തിന് അർഹനായ ബാറ്റ്മാൻ എന്നിവരാണ് പരിശീലന കേന്ദ്രത്തിലെ ചുണക്കുട്ടന്മാർ. ജന്മം കൊണ്ട് വിദേശീയരായ ഇവരെ കാണുമ്പോൾ കൗതുകവും ഒപ്പം പേടിയും തോന്നുമെങ്കിലും പരിശീലകനായ അവിനാഷിന്‍റെ ശരീര ചലനങ്ങൾക്കും, കർശന നിർദേശങ്ങൾക്കും മുമ്പിൽ അനുസരണയുള്ള ചുണക്കുട്ടന്മാരാണിവർ. വിദേശ രാജ്യങ്ങളില്‍ ഉൾപ്പെടെ പൊലീസ് സേനക്ക് വേണ്ടിയുള്ള ഡിറ്റക്ഷൻ ഡോഗ്സിനാണ് അവിനാഷ് പരിശീലനം നല്‍കുന്നത്.
അനിക്കയും ബാറ്റ്മാനുമാണ് പരിശീലന കേന്ദ്രത്തിലെ താരങ്ങൾ. ബിൻലാദനെ പിടിക്കാൻ അമേരിക്കൻ കമാൻഡോകളെ സഹായിച്ച ബെൽജിയൻ ഷെപ്പേഡ് മാലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട നായയാണ് അനിക്ക. രണ്ടാം ലോക മഹായുദ്ധാനന്തരം ഈസ്റ്റ് ജർമനിയുടെ സേനയില്‍ അംഗമായ ഇനത്തിന്‍റെ പിന്തുടർച്ചക്കാരനാണ് ബാറ്റ്മാൻ. വിദേശ രാജ്യങ്ങളിലുൾപ്പെടെ സേനകളിലെ നായകളുടെ പരിശീലകനായി സേവനം അനുഷ്ഠിച്ച അവിനാഷിന് കുഞ്ഞ് നാളിൽ തുടങ്ങിയ നായ്ക്കളോടുള്ള ഭ്രമമാണ് പിന്നീട് ജീവിത നിയോഗമായി മാറിയത്. ബിരുദമെടുത്തതിന് ശേഷം മസ്ക്കറ്റിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഒമാൻ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിൽ അംഗമായി. നാല് വർഷത്തെ സേവനത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ നായകളെ വിവിധ സേനകളിലേക്ക് ലഭ്യമാക്കുന്ന നെതർലാൻഡിലെ സ്വകാര്യ കമ്പനിയിൽ പരിശീലകനായി. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ ആണ് സ്വന്തമായി പരിശീലന കേന്ദ്രം ആരംഭിച്ചത്. ദുരിതബാധിത പ്രദേശങ്ങളിലെ സെർച്ച് ആൻഡ് റസ്ക്യൂ എന്ന വിഭാഗത്തിന്‍റെ പരിശീലനത്തിലാണ് അവിനാഷിപ്പോൾ. കേരളത്തിൽ ഈ വിഭാഗത്തിലെ ഏക പരിശീലകൻ കൂടിയാണ് ഇയാൾ. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽപ്പെട്ട് മണ്ണിനടിയിലും, കെട്ടിടാവശിഷ്ങ്ങൾക്കടിയിലും മറ്റുമുൾപ്പെട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഇവയുടെ പരിശീലനം പൂർത്തിയായാൽ സൗജന്യമായി ഇവരെ സർക്കാരിനുൾപ്പെടെ നല്കാൻ തയാറാണെന്ന് അവിനാഷ് പറഞ്ഞു.
ജർമനിയിലെ മിലിട്ടറി സേനയിൽ തിളങ്ങുന്ന താരമായ ഡിഡിആർ ജർമ്മൻ ഷെപ്പേർഡിന്‍റെ കേരളത്തിലെ ഏക ഉടമസ്ഥാവകാശവും അവിനാഷിന് സ്വന്തമാണ്. സംസ്ഥാന പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലും അവിനാഷിന്‍റെ സേവനമുണ്ട്. 2016ൽ തുടങ്ങിയ കേന്ദ്രത്തിൽ 600ൽ പരം നായകൾക്ക് ഇതിനോടകം പരിശീലനം നല്‍കി കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കിയവയെ സേനകളിലുൾപ്പെടുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കൈമാറും. നായകളെ പരിശീലിപ്പിക്കുന്നതിനിടയിൽ മുൻപ് പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ യുവാവിന്‍റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ഭാര്യയും, മകളുമടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ പിന്തുണയും ഈ റിങ് മാസ്റ്റർക്കൊപ്പമുണ്ട്.