തൃശൂർ: തൃശൂരിൽ നിർമ്മാണം പൂർത്തിയാക്കിയ വടക്കേച്ചിറ ബസ് ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായാണ് നിർവഹിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സാമൂഹ്യപ്രതിബദ്ധത ഫണ്ടിൽ നിന്ന് ആറ് കോടി രൂപയും കോർപ്പറേഷൻ ഫണ്ടിൽ നിന്ന് 1.40 കോടി രൂപയും ചെലവാക്കിയാണ് ബസ്‌സ്റ്റാൻഡ് നവീകരിച്ചത്.
ഒരേസമയം 20 ബസുകൾ നിർത്തിയിടാൻ കഴിയുന്ന യാർഡുകൾ, 6471 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങൾ എന്നിവയാണ് ബസ്‌സ്റ്റാൻഡിൻ്റെ പ്രത്യേകത. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഓഫീസ് മുറികളും സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം കൗണ്ടറും വനിതകളുടെ വിശ്രമകേന്ദ്രവും മുലയൂട്ടൽ മുറിയും പൊലീസ് എയ്‌ഡ് പോസ്റ്റും ഒരുക്കിയിരിക്കുന്നു. കൂടാതെ ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള വിശ്രമമുറി, ടോയ്‌ലറ്റ് ബ്ലോക്കുകൾ, മൂന്ന് കിയോസ്‌കുകൾ, മെഡിക്കൽ സ്റ്റോർ, റസ്റ്റോറൻ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവർക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ മീറ്റിംഗ് ഹാൾ, ടെർമിനലിൻ്റെ സുരക്ഷക്കാവശ്യമായ ലൈറ്റിംഗ്, സി.സി.ടി.വി സൗകര്യങ്ങൾ എന്നിവയുമുണ്ട്.