തൃശൂർ : രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് വീണ്ടും രോഗബാധ. വുഹാനിൽ മെഡിക്കൽ വിദ്യാർഥിനി ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയാണ് വീണ്ടും കൊവിഡ് ബാധിതയായത്. സംസ്ഥാനത്തിന് പുറത്ത് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇവരിൽ വീണ്ടും വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
വിദ്യാർഥിനി കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 2020 ജനുവരി 30 നാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് വന്നപ്പോൾ കൊവിഡ് ലക്ഷണങ്ങളോടെ തൃശൂര്‍ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ഇത്തവണ യുവതിയില്‍ യാതൊരു ലക്ഷണവുമില്ലെന്ന് തൃശൂര്‍ ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക; രോഗ ബാധിതര്‍ 21 ആയി
വുഹാനിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ്, അവിടെ മെഡിക്കൽ പഠനത്തിലായിരുന്ന വിദ്യാർഥിനി കേരളത്തിലേക്ക് മടങ്ങിയത്. രോഗബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ ആരോഗ്യ വകുപ്പ് ഉടൻ ക്വാറന്‍റൈനിലാക്കിയിരുന്നു. ഇവിടെ കഴിയവെയാണ് രോഗ ലക്ഷണങ്ങൾ പ്രകടമായത്.
തുടർന്ന് ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലും, പൂനെ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ചു. അന്ന് സമ്പർക്ക പട്ടിക തയ്യാറാക്കുകയും മുഴുവൻ പേരെയും ക്വാറന്‍റൈനിലാക്കുകയും ചെയ്തിരുന്നു.