തൃശൂർ : രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയവർക്ക് സഹായ ഹസ്തവുമായി തൃശൂർ റേഞ്ച് ജനമൈത്രി പോലീസ്. നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് തൃശൂർ റേഞ്ച് ജനമൈത്രി പോലീസ് ആരംഭിച്ചിരിക്കുന്നത്.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം തൃശൂർ റേഞ്ച് ഡി.ഐ ജി എസ് സുരേന്ദ്രൻ നിർവഹിച്ചു. വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തിൽ ജില്ലയിലെ 5000 നിർധന കുടുംബങ്ങള്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടും ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ആളുകൾ വലയുന്നുണ്ടെന്ന തിരിച്ചറിവിലാണ് പോലീസ് സേന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അരിയും പയറ് വർഗങ്ങളും അടക്കമുള്ള 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.