തൃശൂര്‍: സ്വരാജ് റൗണ്ടിനെ പുലി ചുവടുകളാല്‍ ആവേശം കൊള്ളിക്കേണ്ട ഈ ഓണക്കാലം കൊവിഡ് താറുമാറാക്കിയെങ്കിലും വെറുതേയിരിക്കാന്‍ തൃശൂരിലെ പുലിക്കൂട്ടങ്ങള്‍ക്കാവില്ല. തരിശായി കിടന്ന ഒന്നര ഏക്കര്‍ പ്രദേശം അയ്യന്തോള്‍ പുലിക്കളി സംഘത്തിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു. വിളവെടുത്ത പച്ചക്കറികള്‍ കൃഷി വകുപ്പിന്‍റെ സഹായത്തോടെ ആരംഭിച്ച നാട്ടുചന്തയിലെത്തിച്ച് വില്‍പനയും ആരംഭിച്ചു. ഒട്ടുമിക്ക നാടന്‍ പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.
നാട്ടുചന്തയുടെ ഉദ്‌ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. അയ്യന്തോള്‍ പുലിക്കളി സംഘത്തിന്‍റെ ഈ സംരംഭം ജനകീയ കൂട്ടായ്‌മയുടെ ഫലമാണെന്നും ചെറുപ്പക്കാര്‍ ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും കൃഷി മന്ത്രി പറഞ്ഞു. ആദ്യ ഉദ്യമം വിജയിച്ചതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സംഘത്തിന്‍റെ തീരുമാനം.