തൃശൂര്‍: ആളും ആരവവുമില്ലാതെ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. പൂര വിളംബരം നാളെ നടക്കും. പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങളാണ് പൂരം വെടിക്കെട്ട് നടത്തുന്നത്. ഇത്തവണ വെറും ഒരു മിനിട്ടിൽ സാമ്പിൾ വെടിക്കെട്ട് തീരും. മുൻവർഷങ്ങളിൽ ഒരു വിഭാഗo മാത്രം 15 മിനിറ്റിലേറെ സമയമെടുത്താണ് സാമ്പിൾ വെടിക്കെട്ട് നടത്തിയിരുന്നത്.
രാത്രി ഏഴ് മണിയോടെ ഒരു കുഴി മിന്നൽ ആദ്യം തിരുവമ്പാടി വിഭാഗം പൊട്ടിക്കും. അധികം വൈകാതെ പാറമേക്കാവ് വിഭാഗവും ഒരു കുഴി മിന്നൽ പൊട്ടിക്കും ഇതോടെ ഇക്കൊല്ലത്തെ സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി അവസാനിക്കും. ഇത് കാണാനായി വീട്ടിലും പരിസരത്തും ആരും കൂട്ടം കൂടരുതെന്ന് പൊലീസ് നിർദേശമുണ്ട്.
പൂര വിളംബരം നാളെയാണ് നടക്കുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങാണിത്. നാളെ 11 മണിക്ക് നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് ഗോപുര വാതിൽ തുറക്കുന്നത്. ഇത്തവണ എറണാകുളം ശിവകുമാർ എന്ന കൊമ്പന്‍റെ പുറത്തേറിയാണ് ഭഗവതിയുടെ എഴുന്നള്ളത്ത്. വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന നാട്ടുകൊമ്പന്‍റെ പുറത്തെഴുന്നള്ളിയാണ് ഭഗവതി നട തുറക്കുക. രാവിലെ എട്ടിന് ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. വർഷത്തിൽ രണ്ടുതവണ മാത്രമാണ് തെക്കെ ഗോപുരനട തുറക്കുക. പൂരത്തിന് കൂടാതെ ശിവരാത്രി നാളിലും ഈ നട തുറക്കും.
തിരുവമ്പാടി ദേവസ്വം ഒരു ആനപ്പുറത്ത് പ്രതീകാത്മകമായി മാത്രമാണ് പൂര ചടങ്ങുകൾ നടത്തുക. എന്നാൽ പാറമേക്കാവ് വിഭാഗം പതിനഞ്ച് ആന പുറത്ത് തന്നെ എഴുന്നള്ളിപ്പ് നടത്തും. തിരുവമ്പാടി വിഭാഗത്തിന്‍റെ തീരുമാനം തന്നെയാണ് എട്ട് ഘടക ക്ഷേത്രങ്ങളും സ്വീകരിച്ചിരിക്കുന്നത്. പൂരത്തിൽ ഇക്കുറി വലിയ മാറ്റങ്ങളില്ലാതെ നടക്കുന്ന ഒരു പ്രധാന ചടങ്ങ് വെടിക്കെട്ടാണ്. എന്നാൽ ഇത് കാണാൻ റൗണ്ടിൽ മാത്രമല്ല പരിസര പ്രദേശങ്ങളായ ശക്തൻ സ്റ്റാൻഡിലോ പടിഞ്ഞാറെ കോട്ടയിലോ കൊക്കാലയിലോ പോലും നിൽക്കാൻ കഴിയില്ല.
സംസ്ഥാനത്ത് രാത്രി 9 മുതൽ രാവിലെ ആറ് വരെ കർഫ്യൂ നിലനിൽക്കുന്നതിനാൽ പുലർച്ചെ 3 മണിക്കുള്ള വെടിക്കെട്ട് പൊതുസ്ഥലങ്ങളിലെത്തി കാണാൻ പൊലീസ് അനുവദിക്കില്ല. നിയമം ലംഘിച്ചാൽ നടപടിയെടുക്കും. ഫ്ലാറ്റുകളിൽ ആരെങ്കിലും മുൻകൂട്ടി കയറാം എന്ന് കരുതിയാൽ തന്നെ ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. ഇരു ദേവസ്വങ്ങളുടെയും വെടിക്കെട്ടുമായി ബന്ധപ്പെട്ട ജോലികൾ ഒരാഴ്ചയ്‌ക്ക് മുമ്പ് തന്നെ ഏകദേശം പൂർത്തിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പൂര ദിനമായ 23ന് തൃശൂർ താലൂക്കിലെ സർക്കാർ-അര്‍ധ സർക്കാർ സ്ഥാപനങ്ങൾക്ക് പതിവു പോലെ കലക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.