തൃശൂർ: ആളും ആരവവും മേള പെരുമയുമില്ലാതെയാണ് ഇത്തവണ തൃശൂർ പൂരം കടന്നുപോയത്. തൃശൂരുകാരുടെ മനസിലാണ് ഇത്തവണത്തെ മേളം. ചെണ്ടയും വലംതലയും കുഴലും ഇലത്താളവുമെല്ലാം ഓരോ തൃശൂർ ഗഡിയുടെയും മനസില്‍ പെരുക്കം സൃഷ്ടിക്കും. എന്നാല്‍ ലോക്ക് ഡൗൺ കാരണം മുടങ്ങിപ്പോയ മേളം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് തൃശൂർ സ്വദേശിയായ ഡോ.ജിമില്‍ ജോർജ്. വീട്ടിലെ വസ്‌തുക്കൾ ഉപയോഗിച്ച് ഒറ്റയ്ക്ക് വാദ്യങ്ങൾ തീർത്ത് മേളത്തിന്‍റെ വീഡിയോ ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ ദന്ത ഡോക്ടർ.
ചെണ്ടയ്ക്ക് പകരം വീട്ടിലെ തടി കൊണ്ടുള്ള സ്റ്റൂൾ, വലംതലയ്ക്ക് പകരം സ്‌പീക്കർ ബോക്‌സ്, കുഴലിന് പകരം ആഫ്രിക്കൻ ഉപകരണമായ കസൂ, താളത്തിന് സുഹൃത്തിന്‍റെ ഇലത്താളവും. ഇത് കൂടാതെ ജിമിലിന്‍റെ മിമിക്രിയും കൂടെ ആയപ്പോൾ മേളാവേശം വാനോളമെത്തി. വ്യത്യസ്ത സമയങ്ങളില്‍ ഇവ ഒറ്റയ്ക്ക് ഉപയോഗിച്ച് ശബ്ദവും ദൃശ്യവും സംയോജിപ്പിച്ചാണ് അവതരണം സൃഷ്ടിച്ചത്. ശബ്‌ദ മിശ്രണം ജിമില്‍ തന്നെയാണ് നിർവഹിച്ചത്. ഫോഗ് ക്രിയേഷന്‍റെ ജോയ്‌സനാണ് വീഡിയോ എഡിറ്റിങ്ങ് നടത്തിയത്.
ജിമില്‍ ഏതാനും ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ക്ലിനിക്ക് അടച്ചിട്ട സമയത്താണ് ജിമിലിന്‍റെ മ്യൂസിക് പരീക്ഷണം. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചിയമ്മ പാടിയ പാട്ട്, എട്ട് സംഗീത ഉപകരണങ്ങള്‍ ഒറ്റയ്ക്ക് ഉപയോഗിച്ച് പിന്നീട് ഇവ സംയോജിപ്പിച്ച് അവതരിപ്പിച്ചതും ജിമിൽ ശ്രദ്ധ നേടിയിരുന്നു.