തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. കൊവിഡ് സാഹചര്യത്തിലെ പൂരം നടത്തിപ്പിന്‍റെ സാധ്യത പഠിക്കാൻ പൊലീസും ആരോഗ്യവിഭാഗവും സംയുക്തമായി തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തി. പരിശോധനാ റിപ്പോർട്ട് ഇന്ന് കലക്ടര്‍ക്ക് സമര്‍പ്പിക്കും.
കൊവിഡ് സാഹചര്യത്തിൽ തൃശൂർ പൂരത്തിന് എത്ര ആളുകളെ പങ്കെടുപ്പിക്കാമെന്നതിലാണ് ഇന്ന് ധാരണ ഉണ്ടാകുക. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കുന്നത്. പൂരം എക്‌സിബിഷനും സാമ്പിള്‍ വെടികെട്ടും ഒഴിവാക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സമ്മതമറിയിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടികയും ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറിയിരുന്നു. പൂരത്തിന് മുന്‍പുള്ള ദിവസങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. പൂരം നടത്തിപ്പിനുള്ള പ്രാഥമിക നടപടികളാകും ഇന്ന് സ്വീകരിക്കുക.