തൃശൂർ: പൂരം കൊട്ടിക്കയറുമ്പോൾ ഓരോ ആസ്വാദകന്‍റേയും കണ്ണില്‍ നിറയുന്ന കാഴ്ചകളിലൊന്നാണ് ആലവട്ടം. തൃശൂർ പൂരത്തിന്‍റെ പ്രധാനികളായ പാറമേക്കാവും തിരുവമ്പാടിയും ഓരോ വർഷവും പുതിയ ആലവട്ടങ്ങൾ കാഴ്ചക്കാർക്ക് മുന്നില്‍ അവതരിപ്പിക്കും. 15 ജോഡി ആലവട്ടങ്ങളാണ് ഒരു വിഭാഗത്തിന് ഉണ്ടാവുക. തിടമ്പേറ്റുന്ന കൊമ്പന്‍റെ മുകളില്‍ ആലവട്ടവും വെൺചാമരവും ഉയർന്നു പൊങ്ങുമ്പോൾ പൂരം നിറക്കാഴ്ചയാകും.
മയില്‍പ്പീലിയും പീലി തണ്ടുമെല്ലാം സംസ്‌കരിച്ചാണ് ആലവട്ടം നിർമിക്കുന്നത്. പീലി തണ്ടുകൾ കൊണ്ടാണ് ആലവട്ടത്തിൽ കാണുന്ന വെളുത്ത വൃത്തങ്ങളും ചതുരങ്ങളും നിർമിക്കുന്നത്. പീലികണ്ണുകൾ പ്രത്യേകരീതിയിൽ ചേർത്ത് കെട്ടിയാണ് ഓരോ ചുറ്റും പൂർത്തിയാക്കുന്നത്. 50 വർഷമായി പാറമേക്കാവിന്‍റെ ആലവട്ട നിർമാണത്തിന്‍റെ ചുക്കാൻ പിടിക്കുന്ന കുറ്റുമുക്ക് ചാത്തനാത്ത് കുടുംബം രാജസ്ഥാനിലെ ജോധ്പൂരിലെ ആദിവാസികൾ വർഷത്തിൽ ഒരിക്കൽ ശേഖരിക്കുന്ന മയിൽപീലി കോട്ടയത്തെ മൊത്ത കച്ചവടക്കാരനിൽ നിന്ന് വാങ്ങിയാണ് ആലവട്ടം നിർമിക്കുന്നത്.
ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ കോമേഴ്‌സ് അധ്യാപകനായിരുന്ന മുരളീധരനാണ് ഇപ്പോൾ ചാത്തനാത്ത് കുടുംബത്തില്‍ ആലവട്ട നിർമാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പതിനയ്യായിരം രൂപയാണ് ഒരു ജോടി ആലവട്ടത്തിന്‍റെ വില. ഒരു ജോഡി ആലവട്ടം ഒരുക്കുന്നതിന് രണ്ടു കിലോ മയിൽപ്പീലിയാണ് ആവശ്യം. ഒരു കിലോ മയിൽപീലിക്ക് 2000 രൂപയിലേറെ വിലവരും.