തൃശൂര്‍: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഡ്രോണുമായി പൊലീസ്. അനാവശ്യമായി റോഡിലിറങ്ങിയവരെ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി. ഇന്നലെ മാത്രം 19 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റർ ചെയ്‌തത്. ഡ്രോൺ ഉപയോഗിക്കുന്നവരുടെ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് സിറ്റി പൊലീസിന്‍റെ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയിലാണ് പൊലീസ് ഡ്രോണ്‍ പറപ്പിച്ചു പരിശോധന നടത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനമെന്ന് കമ്മിഷണര്‍ ആര്‍ ആദിത്യ പറഞ്ഞു.
ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഇനി പൊലീസിന്‍റെ ഡ്രോണ്‍ നിരീക്ഷണം ഉണ്ടാകും. രണ്ടിലധികം ആളുകൾ സഞ്ചരിച്ചവരെയും നഗരത്തിൽ കൂട്ടം കൂടി നിൽക്കുന്നതും വാഹന തിരക്കുമെല്ലാം ഡ്രോണ്‍ കണ്ടെത്തും. നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 24 മണിക്കൂർ മൊബൈൽ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്കും അടിയന്തര അവശ്യങ്ങള്‍ക്ക് പോയവരെയും പൊലീസ് രേഖകൾ പരിശോധിച്ചു വിട്ടയച്ചു. ഇന്നലെ മാത്രം 2886 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്.