തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജെൻഡർ പൊളിറ്റിക്‌സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വിവാദത്തിൽ. ഇസ്ലാമിക സംഘടനയായ മുജാഹിദ് വിസ്‌ഡം നടത്തിയ സെമിനാറിൽ ആൺ-പെൺ വിദ്യാർഥികളെ മറകെട്ടി വേർതിരിച്ചിരിത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
![Mujahid Wisdom islamic organisation thrissur medical college gender politics seminar politics seminar with curtain separating both sexes തൃശൂർ മെഡിക്കൽ കോളജ് സെമിനാർ ജെൻഡർ പൊളിറ്റിക്‌സ് സെമിനാർ ഇസ്ലാമിക സംഘടന മുജാഹിദ് വിസ്‌ഡം കർട്ടനിട്ട് മറച്ച് ജെൻഡർ പൊളിറ്റിക്‌സ് ക്ലാസ്](https://etvbharatimages.akamaized.net/etvbharat/prod-images/whatsapp-image-2022-07-08-at-64553-pm_0807newsroom_1657286477_336.jpeg)
LGBTQIA+: Behind the rainbow flags: Understanding LGBTQIA+ from an Islamic perspective എന്ന വിഷയത്തിൽ ജൂലൈ ആറിനായിരുന്നു ക്ലാസ് നടന്നത്. മുജാഹിദ് വിസ്‌ഡം ഗ്രൂപ്പിന്‍റെ വിദ്യാർഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരു വിദ്യാർഥി നേതാവ് പരിപാടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഷയം ചർച്ചയായത്.
![Mujahid Wisdom islamic organisation thrissur medical college gender politics seminar politics seminar with curtain separating both sexes തൃശൂർ മെഡിക്കൽ കോളജ് സെമിനാർ ജെൻഡർ പൊളിറ്റിക്‌സ് സെമിനാർ ഇസ്ലാമിക സംഘടന മുജാഹിദ് വിസ്‌ഡം കർട്ടനിട്ട് മറച്ച് ജെൻഡർ പൊളിറ്റിക്‌സ് ക്ലാസ്](https://etvbharatimages.akamaized.net/etvbharat/prod-images/whatsapp-image-2022-07-08-at-54036-pm_0807newsroom_1657286477_405.jpeg)
ആൺ-പെൺ വിദ്യാർഥികളെ വേർതിരിക്കാൻ സ്ക്രീനോ കർട്ടനോ സ്ഥാപിക്കാം എന്ന തീരുമാനം ഉണ്ടായതോടെയാണ് ഇസ്ലാമിക് ഗ്രൂപ്പ് ക്ലാസിന്‍റെ ചെലവ് വഹിക്കാമെന്ന് തീരുമാനിച്ചതെന്ന് സംഘാടകൻ പറയുന്നു. സംഭവം വിവാദമായതോടെ ക്ലാസുകൾ സ്വകാര്യ സ്ഥലത്താണ് നടന്നതെന്ന ന്യായീകരണവുമായി നേതാവ് രംഗത്തെത്തി. നിങ്ങളുടെ നിരാശ കാണിച്ച് പോകൂ എന്നും വിമർശിച്ചവർക്കെതിരെ നേതാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, എസ്എഫ്‌ഐ ഉൾപ്പെടെയുള്ളവർ ക്ലാസിനെ വിമർശിച്ച് രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളാണ് ക്ലാസിൽ പങ്കെടുത്തത് എന്നുള്ളത് ആശങ്കാജനകമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ പറഞ്ഞു. ഇതൊരു വെല്ലുവിളിയായാണ് എസ്എഫ്ഐ കാണുന്നതെന്നും അനുശ്രീ പറഞ്ഞു.
സംസ്ഥാനത്തെ പുരോഗമന ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ക്ലാസിനെ അപലപിച്ച് രംഗത്തെത്തി. കർട്ടൺ എന്തിനായിരുന്നുവെന്ന് ക്ലാസ് എടുത്തവർ വിശദീകരിച്ചില്ല. മാത്രമല്ല, കർട്ടന്‍റെ ആവശ്യമെന്തെന്ന് ക്ലാസിൽ പങ്കെടുത്തവരും വിശദീകരിച്ചില്ല എന്ന് പരിഷത്ത് ഭാരവാഹികൾ പറഞ്ഞു.
സെമിനാറിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയതോടെ ഇത്തരത്തിൽ ക്ലാസ് എടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന ന്യായീകരണമാണ് വിസ്‌ഡം ഭാരവാഹികൾ ഉന്നയിച്ചത്. എന്നാൽ മെഡിക്കൽ കോളജ് കാംപസിൽ ഇത്തരത്തിലുള്ള ക്ലാസ് നടന്നിട്ടില്ലെന്ന് കോളജ് വിദ്യാർഥി യൂണിയൻ അറിയിച്ചു. കോളജിൽ ക്ലാസ് നടന്നുവെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെയും യൂണിയൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അപലപിച്ചു.
മതം വ്യക്തിപരമായ കാര്യമാണ്. മത സംഘടന നടത്തുന്ന ക്ലാസുകളുമായി കോളജിന് യാതൊരു ബന്ധവുമില്ല. മതപരമയ സ്ഥലത്ത് നടന്ന ക്ലാസുകളെ സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിച്ചത് അപലപനീയമാണ്. ഇത്തരം ക്ലാസുകളുടെ നടത്തിപ്പിൽ കോളജ് അധികൃതർക്കോ കോളജ് യൂണിയനോ ഒരു പങ്കുമില്ല. ഇത്തരം പ്രവൃത്തികളെ കോളജ് പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ എപ്പോഴും പുരോഗമന ചിന്തയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും കോളജ് യൂണിയൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
സംഭവം എന്തെന്ന് ഇതുവരെ പഠിച്ചിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാം എന്നുമായിരുന്നു കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ പ്രതികരണം.