തൃശൂര്‍: വെള്ളത്തിൽ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും മുങ്ങി മരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. മാള പൂപ്പത്തിയിലുള്ള പാടത്തെ കുളത്തില്‍ പതിച്ച, മകളുടെ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മേരി അനു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ആഗ്ന ശ്രമിച്ചെങ്കിലും കുളത്തിലേക്ക് വീണ് മരിക്കുകയായിരുന്നു.
ഇന്ന് (08.10.2022) വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പൂപ്പത്തിയിൽ താമസിക്കുന്ന ഇവർ ബന്ധുവിന്‍റെ വീട്ടിൽ പോയി തിരിച്ചുവരികയായിരുന്നു. പൂപ്പത്തി ചുള്ളൂർ ക്ഷേത്രം റോഡില്‍ നില്‍ക്കുമ്പോള്‍ റോഡിനടുത്തുള്ള പാടത്ത് കൃഷി ആവശ്യത്തിന് കുഴിച്ച കുളത്തിനടുത്തേക്ക് പോയ ഇളയകുട്ടിയുടെ ചെരിപ്പ് വെള്ളത്തിലേക്ക് വീണു. മകൾ വിളിച്ചതിനെത്തുടര്‍ന്ന് ചെരുപ്പ് എടുക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടെ മേരി അനു കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന മൂത്ത മകള്‍ ആഗ്ന അമ്മയെ രക്ഷിക്കാൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും കുട്ടിയും താഴ്‌ന്നുപോവുകയായിരുന്നു.
15 അടിയോളം ആഴത്തിലുള്ള കുഴിയിലാണ് അപകടമുണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് അപകടം മനസിലാകുന്നത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.