തൃശൂര്‍: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശികളായ കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് ഇന്നലെ രാത്രിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്ന മോഹനൻ കഴിഞ്ഞ ദിവസം കട തുറന്നിരുന്നില്ല. വീട് അടഞ്ഞ് കിടക്കുകയും ചെയ്‌തിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതോടെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
വാതിലുകൾ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നി പുറകിലെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെയും ആദർശിന്‍റെയും മൃതദേഹം ഹാളിലും ഭാര്യ മിനിയുടെ മൃതദേഹം ബെഡ് റൂമിലുമാണ് കിടന്നിരുന്നത്. ആദർശ് കാറളം സ്‌കൂളിലെ വിഎച്ച്‌എസ്‌ഇ വിദ്യാർഥിയാണ്.