തൃശൂർ: പെട്രോള്‍ പമ്പ് ഉടമ കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചളിങ്ങാട് സ്വദേശികളായ അനസ്, സ്റ്റിയോ, കയ്പമംഗലം സ്വദേശി അൻസാർ എന്നിവരാണ് അറസ്റ്റിലായത്. കയ്പമംഗലം വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമ മനോഹരനെ പണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ്. സംഭവ ദിവസം രാത്രി മനോഹരൻ പമ്പില്‍ നിന്നും മടങ്ങുമ്പോൾ പ്രതികൾ ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ബൈക്ക് കാറില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം പ്രതികളിലൊരാൾ പരിക്ക് പറ്റിയതായി ഭാവിക്കുകയും മനോഹരനെ കളിതോക്ക് ചൂണ്ടി കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ മനോഹരനോടൊപ്പം കാറിലാണ് സഞ്ചരിച്ചത്. മനോഹരന്‍റെ കൈവശം പണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മനോഹരൻ ധരിച്ചിരുന്ന ആഭരണങ്ങളും കാറും തട്ടിയെടുത്ത ശേഷം മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ചു. ഈ വാഹനം പിന്നീട് മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ബംഗളുരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മനോഹരനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെ ഗുരുവായൂര്‍ മമ്മിയൂർ പെട്രോൾ പമ്പിന് സമീപം നടക്കാനിറങ്ങിയവരാണ് കൈ രണ്ടും പിറകിൽ കൂട്ടി കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. ദീർഘകാലം ഗൾഫിൽ പ്രവാസജീവിതം നയിച്ച ശേഷം നാട്ടിലെത്തി പെട്രോൾ പമ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട മനോഹരൻ.