തൃശൂര്‍: ജില്ലയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ 13 കാരൻ മരിച്ചു. ചാഴൂർ കുഞ്ഞാലുക്കൽ സ്വദേശി കുണ്ടൂര് സുമേഷിന്‍റെ മകൻ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ധനിഷ്‌കാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മരണം ഇങ്ങനെ: ഇക്കഴിഞ്ഞ 15ന് പനി ബാധിച്ചതിനെ തുടർന്ന് ധനിഷ്‌ക് ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാവാതിരുന്നതിനെ തുടർന്ന് 17 ന് വീണ്ടും പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി രക്തപരിശോധനയടക്കമുള്ളവ നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞും പനി കുറയാതിരുന്നതിനെ തുടർന്ന് പഴുവിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്കെത്തി.
ഇവിടെ രക്തപരിശോധന നടത്തിയതിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവ് കണ്ടെത്തിയതിനെ തുടർന്ന് 20ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെയും കുട്ടിയെ വിദഗ്‌ദ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്‌ച രാത്രിയോടെ പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടികളുടെ വിഭാഗം ഐസിയുവിലേക്ക് മാറ്റി വിദഗ്‌ദ ചികിത്സ നൽകിയെങ്കിലും വെള്ളിയാഴ്‌ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് പനി വ്യാപനം രൂക്ഷമായിരിക്കുകയാണ്. ധനുഷ്‌കിനെ കൂടാതെ തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ എന്നയാളും പനി ബാധിച്ച് വെള്ളിയാഴ്‌ച മരിച്ചിരുന്നു. ഈ രണ്ട് മരണവും ഡെങ്കിപ്പനി മൂലമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ജൂണ്‍ മാസം മാത്രം പനിയടക്കമുള്ള അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.
പനിയടക്കമുള്ള അസുഖങ്ങള്‍ കാരണം പ്രതിദിനം 13,000ത്തിലധികം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്. ഈ മാസം മാത്രം രണ്ട് ലക്ഷത്തി എണ്ണൂറ്റി എണ്‍പത്തിയൊമ്പത് പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത്.
എന്നാല്‍ പനി മരണങ്ങളില്‍ കൂടുതലും ഡെങ്കിപ്പനി മൂലമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്‌ച മാത്രം 53 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 282 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. ഈ മാസത്തില്‍ ഇതുവരെ 1264 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കൂടി പരിഗണിച്ചാല്‍ കണക്കുകളില്‍ ഇനിയും വർധനയുണ്ടാകും.
ഡെങ്കിപ്പനിക്കൊപ്പം സംസ്ഥാനത്ത് എലിപ്പനിയും വര്‍ധിക്കുന്നുണ്ട്. ഈ മാസം ഇതുവരെ 106 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 153 പേര്‍ക്ക് എലിപ്പനിയുള്ളതായി സംശയിക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശ വകുപ്പിനെ പഴി ചാരുന്നുമുണ്ട്. കൊതുക് നശീകരണത്തിന് ഫോഗിങ്ങ്, വെള്ളം കെട്ടിക്കെടുക്കുന്നത് തടയല്‍, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയിലടക്കം വീഴ്‌ച വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്‌ച മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.