തൃശൂർ: വലപ്പാട് പുത്തൻ പള്ളിയിൽ മോഷണം. പള്ളിയിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടു. ഓഫീസ് മുറിയുടെ പൂട്ട് തകത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വിശ്വാസികൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും ഡോഗ് സ്ക്വാഡും തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വൈകിട്ട് പള്ളിക്കമ്മിറ്റി ഭാരവാഹി ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സാധുജന സംരക്ഷണത്തിനായി ഓഫീസിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നതെന്ന് മഹല്ല് സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു. വലപ്പാട് പോലീസ് സ്റ്റേഷന് എതിർവശത്താണ് പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നത്.