തൃശ്ശൂര്‍: കോവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ അഗതികൾക്ക് പുനരധിവാസം നൽകി ദേവസ്വവും നഗരസഭയും രംഗത്ത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് നഗരസഭയുടെ അഗതിമന്ദിരത്തിലേക്കും ദേവസ്വത്തിന്‍റെ കുറൂരമ്മ ഭവനിലേക്കും അഗതികളെയും അനാഥരേയും പ്രവേശിപ്പിച്ചു.
ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി ജില്ലാ കലക്ടർ എം.ബി.ഗിരീഷിന്‍റെ നേതൃത്വത്തിൽ നഗരസഭ അധികൃതരേയും ദേവസ്വം ഭരണസമിതിയേയും വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം 'കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പ്രസാദ ഊട്ട് നിര്‍വഹിച്ചിരുന്നു. ക്ഷേത്രനടയിൽ കഴിച്ചു കുട്ടിയിരുന്ന അഗതികൾ ക്ഷേത്ര പ്രസാദ ഊട്ട് കഴിച്ചു ക്ഷേത്ര കുളത്തിൽ കുളിച്ചും ക്ഷേത്രപരിസരത്ത് അന്തിയുറങ്ങിയുമാണ് കഴിഞ്ഞു വന്നിരുന്നത്. എന്നാൽ ക്ഷേത്രക്കുളം അടക്കുകയും പ്രസാദ ഊട്ട് നിറുത്തിവക്കുകയും ചെയ്തതോടെ ഇവരുടെ സ്ഥിതി വളരെ ദയനീയമായി.
ഇതേ തുടർന്നാണ് ദേവസ്വം ചെയർമാൻ കലക്ടറുമായി ബന്ധപെട്ട് ഇവരെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. വനിതാശിശു സംരക്ഷണ സമിതി, ദേവസ്വം ഹെൽത്ത് വിഭാഗം, നഗരസഭ ഹെൽത്ത് വിഭാഗം, പൊലീസ്, സെക്യൂരിറ്റി വിഭാഗം തുടങ്ങിയവരുടെ സഹകരണത്തോടെ ക്ഷേത്ര നടയിലെ മുഴുവൻ അഗതികളെയും നഗരസഭ അഗതി മന്ദിരത്തിലേക്കും കുറൂരമ്മ ഭവനിലേക്കും മാറ്റി. ക്ഷേത്രപരിസരത്ത് നിരോധനം മറികടന്നും ഭിക്ഷാടനം നടത്തുന്നവരെ കർശനമായി നിരീക്ഷിക്കാനും തീരുമാനിച്ചു. പ്രായമായവരെ സംരക്ഷിക്കുന്ന സംഘടനയായ ബന്യാൻ എന്നിവരുടേയും സഹകരണം ഉണ്ടായിരുന്നു.