തൃശൂർ: അശാസ്ത്രീയമായ കാന നിർമാണവും,ഡ്രെയിനേജ് സംവിധാനങ്ങളിൽ പിഴവും മാലിന്യങ്ങൾ കുമിഞ്ഞു ഒഴുക്ക് തടസപെട്ട കാനകളും. ചെറിയൊരു മഴപെയ്താൽ പുഴയായി മാറുന്ന തൃശ്ശൂർ നഗരം. കാനപണി പാതി വഴിയിൽ മുടങ്ങിയ മണ്ണുത്തി ദേശീയപാതയിൽ വെള്ളക്കെട്ട് സ്ഥിരം അവസ്ഥ. തൃശൂർ നഗരത്തിന്‍റെ ഹൃദയഭാഗത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ട് വാഹന യാത്രക്കാരേയും വ്യാപരികളെയും തെല്ലൊന്നുമല്ല വലച്ചത്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് കോർപറേഷൻ ശുചീകരണ വിഭാഗം ജീവനക്കാരെത്തി കാനായിലെ തടസം നീക്കിയതിനെ തുടർന്നാണ് വെള്ളക്കെട്ട് നീങ്ങിയത്.
ഇപോഴും ചെറിയൊരു മഴപെയ്താൽ വീണ്ടും ഇവിടം വെള്ളത്തിനടിയിലാകും. നഗരത്തിൽ പ്രധാനമായും വെള്ളക്കെട്ട് ഉണ്ടായ ഇക്കണ്ടവാര്യർ റോഡിലെ കാനകൾ മാലിന്യം നിറഞ്ഞാണ് ഒഴുകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടി കാനകൾ ബ്ലോക്ക് ആകുന്നതും ചെറിയൊരു മഴയിൽ പോലും വെള്ളം റോഡിലേക്ക് ഒഴുകി വെള്ളക്കെട്ടിനു കാരണമാകുന്നു. വെള്ളക്കെട്ടിൽ പ്രദേശത്തെ വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. വെള്ളക്കെട്ടിൽ സ്ഥിരമായി യാത്രാദുരിതം നേരിടുന്ന മണ്ണുത്തി സെന്‍ററിൽ ദേശീയപാതയുടെ സർവീസ് റോഡുകളിൽ ഇരുവശവും കാനകളുടെ പണി പൂർത്തിയാകാത്തതാണ് വെള്ളക്കെട്ടിനു കാരണമായത്. ഏറെക്കാലമായി പാതിയിൽ നിർത്തിയ കാന നിർമാണം യാത്രാ ദുരിതമുണ്ടാക്കുന്നത് പ്രദേശവാസികൾക്ക് മാത്രമല്ല ദേശീയ പാതയിലെ യാത്രക്കാർക്ക് കൂടിയാണ്.
മഴക്കാലത്തിനു മുന്നോടിയായി സമീപത്തെ കാനയുടെ നിർമാണം പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദേശീയപാത നിർമാണം മുടങ്ങിയത്തിനു പിന്നാലെ മണ്ണുത്തി സെന്‍ററിലെ നിർമാണവും നിലക്കുകയായിരുന്നു. വെള്ളക്കെട്ടിനു പരിഹാരത്തിനായി ദേശീയപാത അതോറിറ്റിയുമായി നടത്തിയ ചർച്ചയിൽ അടുത്ത ദിവസം പണി ആരംഭിക്കുമെന്നും തൃശൂർ എം.പി ടി എൻ പ്രതാപൻ പറഞ്ഞുമണ്ണുത്തി മേൽപ്പാലവും കഴിഞ്ഞ ദിവസം വെള്ളക്കെട്ടിനു കാരണമായിരുന്നു.ഡ്രെയിനേജ് സംവിധാനങ്ങളുടെ അപര്യാപ്തതയാണ് വെള്ളക്കെട്ടിനു കാരണമായത്. മേൽപാലത്തിൽ നിന്നും മഴവെള്ളം താഴേക്ക് പോകുന്ന പൈപ്പുകളുടെ വലിപ്പ കുറവാണ് വെള്ളക്കെട്ടിനു കാരണമായത്. ഇതിന് അറ്റകുറ്റപ്പണി ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്: മഴ ശക്തം; തൃശൂർ നഗരത്തില്‍ വെള്ളക്കെട്ട്