തൃശ്ശൂർ:സാംസ്‌കാരിക നഗരിയായ തൃശ്ശൂരിൽ ഇനിയുള്ള പത്തു ദിനങ്ങൾ നാടക ആഘോഷങ്ങളുടേതാണ്. ലോക നാടക വേദിയുടെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം ഇറ്റ്‌ഫോക്കിന് തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ തുടക്കമായി. അക്കാദമി അങ്കണത്തിൽ സാംസ്‌ക്കാരിക മന്ത്രി എ. കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്‌തു.സംഗീത നാടക അക്കാദമി അങ്കണത്തിൽ മന്ത്രി എ കെ ബാലൻ പതാക ഉയർത്തി. സംഘർഷഭരിതമായ ജീവിത സാഹചര്യത്തിൽ വസിക്കുന്ന ബ്രസീൽ, ഇറാൻ തുടങ്ങി ഇംഗ്ലണ്ട് വരെയുള്ള രാജ്യങ്ങളിൽ നിന്നുള്ള 19 നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാടകോത്സവത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്‌കാരം നാടക നിരൂപക ശാന്ത ഗോഖലേക്കു മന്ത്രി സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്‌കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ ആരംഭിക്കുന്നത്. ഇതിന് എല്ലായിടത്തും സ്ഥലം ലഭ്യമാണ്. നാടക കളരിയായും അവതരണ കേന്ദ്രമായും സമുച്ചയങ്ങൾ പ്രവർത്തിക്കും. ഗ്രാമീണ തിയറ്ററുകളും സർക്കാർ സ്ഥാപിക്കുകയാണ്. പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ നല്ല രീതിയിൽ തിരിച്ചുകൊണ്ടുവന്ന് ജനങ്ങളിലെത്തിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്ററിന്റെ 'സിൽവർ എപിഡെമിക്' ഉദ്ഘാടന നാടകമായി അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിന് നാന്ദികുറിച്ച് അക്കാദമി മുറ്റത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും സപ്ത മദ്ദള കച്ചേരി അവതരിപ്പിച്ചു. 'ഇമാജിനിങ് കമ്മ്യൂണിറ്റീസ്' എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രമേയം.