തൃശൂർ: പരിസ്ഥിതി സൗഹാർദ സന്ദേശമാണ് പൂങ്കുന്നം സ്വദേശി ഹരീഷിന്‍റെ കലാവിരുതുകളിൽ നിറയുന്നത്. പ്ലാസ്റ്റിക്കും പ്ലാസ്റ്റര്‍ ഓഫ് പാരിസുമല്ല, പകരം പഴയ ന്യൂസ് പേപ്പര്‍ ഉപയോഗിച്ചാണ് ഈ 15കാരൻ ഗണേശ പ്രതിമകള്‍ നിർമിക്കുന്നത്. കൊവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നടത്തുന്ന ഗണേശ ഉത്സവത്തില്‍ ജി. ഹരീഷ് പരിസ്ഥിതിക്ക് ദോഷം വരാത്ത പ്രതിമകൾ നിർമിച്ച് മാതൃകയാകുകയാണ്.
ഗണേശ ഉത്സവ ആഘോഷങ്ങള്‍ക്ക് ഗണപതി പ്രതിമകൾ പൂജിച്ചതിന് ശേഷം ഇവ വെള്ളത്തില്‍ നിമഞ്ജനം ചെയ്യുന്നതാണ് പതിവ്. ഇത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകാറുണ്ട്. കൂടാതെ, വിപണിയിൽ സുലഭമായ പ്ലാസ്റ്റർ ഓഫ് പാരീസ് ശില്‍പങ്ങള്‍ പ്രകൃതിക്ക് വിനാശമാണെന്ന തിരിച്ചറിവാണ് ഇത്തരം നിർമാണത്തിന് പ്രേരിപ്പിച്ചതെന്നും പ്ലസ് വൺ വിദ്യാർത്ഥിയായ ഹരീഷ് പറയുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഹരീഷ് കടലാസുകൊണ്ട് ഗണേശ ശില്‍പങ്ങള്‍ നിർമിക്കുന്നുണ്ട്. തൃശൂർ പൂരം ആനകൾ, വടക്കുംനാഥ ക്ഷേത്ര തെക്കേ ഗോപുര മാതൃക തുടങ്ങിയവയും ഹരീഷ് കടലാസുകൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. കടലാസിൽ തീർത്ത പ്രകൃതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾക്കായി കേരളത്തിന് പുറത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു. സാമ്പത്തിക ലാഭം നോക്കാതെ, പ്രതിമ നിർമിക്കാൻ ആവശ്യവുമായി വന്ന ചിലവ് മാത്രം വാങ്ങിക്കൊണ്ടാണ് ഹരീഷ് വിഗ്രഹങ്ങൾ വില്‍പ്പന നടത്തിയത്. ചിത്രരചനയും സംഗീതവും അഭ്യസിക്കുന്ന ഹരീഷ് പ്രശസ്‌ത മൃദംഗ കലാകാരൻ എച്ച്. ഗണേഷിന്‍റെയും ജ്യോതി ഗണേഷിന്‍റെയും മകനാണ്.