തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ രണ്ടാമതും പ്രവേശിപ്പിച്ച സ്വപ്‌ന സുരേഷിന് നാളെ ആൻജിയോഗ്രാം പരിശോധന നടത്താൻ തീരുമാനം. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടോ എന്നറിയാനാണ് പരിശോധന. മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നഴ്‌സിന്‍റെ ഫോണിൽ ഉന്നതരുമായി സ്വപ്‌ന സംസാരിച്ചുവെന്ന ആരോപണം ഉയർന്നതോടെ വാർഡിലുണ്ടായിരുന്ന മുഴുവൻ നഴ്‌സുമാർക്കും ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു. ഇവരുടെ ഫോൺ കോളുകൾ പരിശോധിക്കും. മുഴുവൻ ജീവനക്കാരുടെയും പേരു വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറും.
ദിവസങ്ങൾക്ക് മുൻപ് സ്വപ്‌ന മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ആരെയോ ഫോൺ വിളിച്ചതായി വിവരം ലഭിച്ചത്. ശനിയാഴ്‌ച ഡിസ്‌ചാർജ് ചെയ്‌ത് വീണ്ടും വിയ്യൂർ ജയിലിലെത്തിച്ചു. ഇതിന് പിന്നാലെയാണ് ഇവർക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്‌ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേസിലെ മുഖ്യപ്രതി കെ.ടി റമീസിനും വയറുവേദന അനുഭവപ്പെട്ടിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ പരിശോധനയിൽ റമീസിന് നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തി. നാളെ റമീസിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കിയ ശേഷം മെഡിക്കൽ ബോർഡ് ഡിസ്‌ചാർജ് തീരുമാനിക്കും.