തൃശൂര്‍: ചാലക്കുടിയില്‍ സ്‌കൂളിൽ ഒമ്പത് വയസുകാരന് പാമ്പുകടിയേറ്റു. സിഎംഐ കാർമൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ലിറ്റിൽ ഫ്ളവര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്‌കൂൾ വിട്ട ശേഷമായിരുന്നു പരിസരത്ത് വെച്ച് കുട്ടിക്ക് പാമ്പുകടിയേറ്റത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവ് സ്‌കൂളിനടുത്ത് ഉണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്തം പരിശോധിച്ചതില്‍ നിന്നും പാമ്പിൻ വിഷം കുട്ടിയുടെ ഉള്ളിൽ ചെന്നിട്ടില്ലെന്ന നിഗമനത്തിലാണ് ഡോക്‌ടർമാർ.
അതേസമയം തൃശൂര്‍ ഒളരിക്കരയില്‍ ഗവ.യു.പി.സ്‌കൂളിലെ ഒഴിഞ്ഞ് കിടക്കുന്ന മുറിയില്‍ നിന്നും അണലിയെ പിടികൂടി. സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളിൽ വ്യാപകമായി ശുചിയാക്കൽ പദ്ധതികൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് മികച്ച പ്രാഥമിക സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളിൽ വിദ്യാർഥിക്ക് പാമ്പുകടിയേൽക്കുന്നത്.