തൃശൂര്‍: ഒരു കന്യാസ്‌ത്രീയോട് നിങ്ങളുടെ സ്വപ്‌നമെന്താണെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ അത് അതിശോക്തിയാകും. എന്നാല്‍ സിഎംസി സാന്യാസിനി സഭയിലെ തൃശൂര്‍ നിര്‍മല കോണ്‍വെന്‍റിലെ സിസ്റ്റര്‍ ലിസ്‌മിയുടെ പക്കല്‍ അതിന് വ്യക്തമായ ഒരു ഉത്തരമുണ്ട്, 'സിനിമ..' സിനിമ പിടിക്കാനാണ് ആഗ്രഹം, ദൈവാനുഗ്രഹത്താല്‍ അത് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തിന് നല്ല സന്ദേശം പറയുന്ന ഒരു സിനിമ, അതാണ് സ്വപ്‌നം'.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോമില്‍ നിന്നും കോണ്‍വെന്‍റിലെ മദര്‍ സുപ്പീരിയര്‍ കൊണ്ടു വന്ന കാമറയാണ് 37കാരിയായ സിസ്റ്റര്‍ ലിസ്‌മിയെ ആ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. സിസ്റ്റര്‍ കൊണ്ടു വന്ന ആ ചെറിയ മോഷന്‍ കാമറ കൊണ്ട് ചെറിയ ചെറിയ വീഡിയോകള്‍ ഷൂട്ട് ചെയ്‌തു നോക്കി. പ്രശസ്‌ത സുവിശേഷ ഗായികയായ കെസ്റ്ററിന്‍റെ ഒരു ഗാനത്തെ ആസ്‌പദമാക്കി സിസ്റ്റര്‍ ലിസ്‌മി ചെയ്‌ത ഒരു വീഡിയോ സഭക്കുള്ളില്‍ നിന്നും വലിയ പ്രശംസ നേടിക്കൊടുത്തതോടെയാണ് വീണ്ടും കാമറ പിടിക്കാന്‍ ഊര്‍ജമായത്.
'ആ വീഡിയോയില്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നതിന് കാണിച്ചിരിക്കുന്ന തീ, കോണ്‍വെന്‍റിലെ അടുക്കളയിലെ അടുപ്പിലെയാണ്... ഏറെ ശ്രദ്ധയോടെയായിരുന്നു വീഡിയോ ചിത്രീകരണം. ഗാനത്തിലൂടെ പറഞ്ഞ സന്ദേശം കാഴ്‌ചക്കാരിലേക്ക് മികച്ച രീതിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്'
തുടര്‍ന്ന് ചാവറ അച്ഛനെയും എവുപ്രാസ്യയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന സമയത്ത് സിസ്റ്റര്‍ ചെയ്‌ത വീഡിയോയും സഭക്കുള്ളിൽ ഏറെ ശ്രദ്ധനേടിക്കൊടുത്തിരുന്നു. ആത്മീയസേവനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നത് മേലധികാരികള്‍ക്ക് ബോധ്യപ്പെടുത്തിയതോടെ ഇത്തരം വീഡിയോകള്‍ ചെയ്യാന്‍ സഭയുടെ ഭാഗത്ത് നിന്നും പിന്തുണയും സിസ്റ്റര്‍ക്ക് കിട്ടി. ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം കാലിക്കറ്റ് സർവകലാശാലയില്‍ നിന്നും എംസിജെ (മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം) ചെയ്‌തു. കൂടാതെ കാമറയിലും എഡിറ്റിങ്ങിലും ഡിപ്ലോമയും.
രാജ്യത്തെ കന്യാസ്‌ത്രീയായ ഏക കാമറപേഴ്‌സൺ : രാജ്യത്തെ കന്യാസ്‌ത്രീയായ ഏക കാമറപേഴ്‌സണാണ് സിസ്റ്റര്‍ ലിസ്‌മി. ഷോട്ട് ഫിലിമായും ഡോക്ക്യുമെന്‍ററിയായും മ്യൂസിക്കല്‍ ആല്‍ബമായും 1500ഓളം വീഡിയോകള്‍ക്ക് സിസ്റ്റര്‍ കാമറ ചലിപ്പിച്ചിട്ടുണ്ട്. സിസ്റ്ററിന്‍റെ കഠനാധ്വാനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും തേടിയെത്തി. സിഎംസി തൃശൂര്‍ നിര്‍മല കോണ്‍വെന്‍റിലെ ഒരു കൂട്ടം സന്യാസിനി സമൂഹവും സിസ്റ്ററിന്‍റെ പിന്തുണയ്‌ക്കുണ്ട്.
'കാമറ-എഡിറ്റിങ് പുതിയ സോഫ്‌റ്റ് വെയര്‍ യുട്യുബില്‍ നിന്നും പഠിക്കാന്‍ ഒരുപാട് ഉറക്കമളച്ചിട്ടുണ്ട്... കാമറയോടുള്ള എന്‍റെ താല്‍പര്യത്തെ ദൈവവേല ചെയ്യാനുള്ള മറ്റൊരു മാര്‍ഗമായാണ് കാണുന്നത്. തീര്‍ച്ചയായും ഒരു കന്യാസ്‌ത്രീ കാമറപേഴ്‌സണാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്, ഞാന്‍ ചെയ്യുന്ന വീഡിയോകളാണ് അതിനുള്ള മറുപടി'.
തരംഗമായി 'എന്‍റെ പൂരം തൃശൂര്‍ പൂരം': ആദ്യ കാലങ്ങളില്‍ സഭയ്‌ക്ക് വേണ്ടി മാത്രമായിരുന്നു വീഡിയോകള്‍ ചിത്രീകരച്ചിരുന്നത്. ഇപ്പോള്‍ അല്ലാതെയും ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പൊലീസിനെ പ്രശംസിച്ച് സിസ്റ്റര്‍ ചെയ്‌ത വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സമൂഹത്തിന്‍റെ പലകോണില്‍ നിന്നും അഭിനന്ദനങ്ങള്‍ സിസ്റ്ററിനെ തേടിയെത്തി. അടുത്തായി 'സര്‍വം' എന്ന പ്രമേയത്തില്‍ സിസ്റ്റര്‍ ലിസ്‌മി ഛായാഗ്രഹണം ചെയ്‌ത 'എന്‍റെ പൂരം തൃശൂര്‍ പൂരം' എന്ന ആല്‍ബമാണ് യുട്യൂബില്‍ തരംഗമാകുന്നത്. വടക്കുംനാഥന്‍റെ മുറ്റത്ത് തിരുവസ്‌ത്രമണിഞ്ഞ് കയ്യില്‍ ജപമാലയും കാമറയും പിടിച്ച് ആല്‍ബം ചിത്രീകരിക്കുന്ന സിസ്റ്ററിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
'മതപരമായ വിഭജനത്തിന് അതീതമായി ദൈവസൃഷ്‌ടിയുടെ സൗന്ദര്യമാണ് ആ ആല്‍ബത്തിലൂടെ കാണിച്ചിരിക്കുന്നത്. എന്നാലും ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ അന്യമതവിശ്വാസിയെന്ന ആശങ്ക അറിയിച്ചിരുന്നു എന്നാല്‍ ദേവസം ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ കിട്ടിയതോടെ ആല്‍ബത്തിന്‍റെ ചിത്രീകരണം വളരെ എളുപ്പമായി. ആദ്യമായാണ് തൈക്കാട് മൈതാനില്‍ എത്തുന്നത്. പൂരം നേരില്‍ കണ്ടിട്ടില്ലെങ്കലും ആവേശം ഒട്ടും ചോരാതെയാണ് ആബത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സ്വന്തമായി ഒരു യുട്യൂബ് ചാനലും സിസ്റ്റര്‍ ലിസ്‌മിക്കുണ്ട്. കൂടാതെ സഭയുടെ നിര്‍മല മീഡിയ ടിഎസ്‌ആര്‍ എന്ന യുട്യൂബ് ചാനലും നോക്കുന്നത് സിസ്റ്ററാണ്.