തൃശൂർ: കൊവിഡ് മൂലമുള്ള സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികളിൽ നിന്നും കരകയറാൻ പുതുവഴികൾ തേടുന്നവർക്ക് പ്രചോദനമാവുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ഷംസുദ്ദീൻ. പോളിയോ രോഗ ബാധിതനായ ഷംസുദ്ദീൻ എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടന്‍റ് ജോലിക്കൊപ്പം വീട്ടുവളപ്പിലെ ആയുർവേദ സസ്യകൃഷിയിലൂടെ വരുമാനം കണ്ടെത്തുകയാണ്.
ഒരു വയസിൽ പോളിയോ രോഗ ബാധിതനായതോടെ തുടങ്ങിയ ആയുർവേദ ചികിത്സയാണ് ഷംസുദ്ദീന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. വർഷങ്ങൾ നീണ്ട ചികിത്സ ഫലം കണ്ടില്ലെങ്കിലും തന്‍റെ തളർന്ന ജീവിതത്തിൽ പരിക്ഷണങ്ങൾ നടത്തിയ ആയുർവേദ ചികിത്സയെയും മരുന്നുകളെയും കുറിച്ച് ഷംസുദ്ദീൻ കിട്ടാവുന്നയത്ര അറിവുകൾ ശേഖരിച്ചു. ശരീരത്തിന് തളർച്ച ബാധിച്ചെങ്കിലും തളരാത്ത മനസോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഷംസുദ്ദീൻ മുച്ചക്ര വണ്ടിയിലാണ് ചെന്ത്രാപ്പിന്നിയിൽ നിന്ന് ജോലി ചെയ്യുന്ന നെടുമ്പാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്കെത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വീട്ടുവളപ്പിൽ നേരത്തേയുണ്ടായിരുന്ന ആയുർവേദ കൃഷി വിപുലമാക്കി.
ലേഹ്യങ്ങൾ, എണ്ണകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനുള്ള ലൈസൻസും സ്വന്തമാക്കിയിരുന്നതിനാൽ സ്വന്തം കൃഷിയിടത്തിലേതുൾപ്പെടെയുള്ള ആയുർവേദ മരുന്നുകളുപയോഗിച്ച് ഇവയുടെ നിർമാണവും ആരംഭിച്ചു. കൊവിഡ് മാനദണ്ഡമനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുള്ളതിനാൽ മാസത്തിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഇപ്പോൾ ജോലിക്ക് പോകുന്നത്. ബാക്കിയുള്ള സമയം ആയുർവേദ പരീക്ഷണങ്ങൾക്കായി മാറ്റി വെച്ചിരിക്കുകയാണ് ഷംസുദ്ദീൻ. ലക്ഷ്യം വിജയിച്ചതും ബന്ധുക്കളും ഡോക്ടർമാർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനവും കൂടിയായപ്പോൾ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഉപജീവനത്തിന് മറ്റൊരു വഴി തുറന്ന സന്തോഷത്തിലാണ് ഷംസുദ്ദീൻ.