തൃശൂർ: ഗാന്ധി ജയന്തി ദിനത്തിൽ 19 തരം വിത്തുകള്‍ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ച് കൊടുങ്ങല്ലൂർ സ്വദേശി ശിൽപി ഡാവിഞ്ചി സുരേഷ്. ആറടി വലിപ്പമുള്ള വട്ട മേശയിൽ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ചിത്രം തയ്യാറാക്കിയത്. കൂട്ട് എന്ന പേരിലുള്ള കൊടുങ്ങല്ലൂര്‍ എറിയാട് കെവിഎച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥികളുടെ വാട്‌സാപ് കൂട്ടായ്‌മയിലെ കര്‍ഷക സുഹൃത്തുക്കള്‍ക്ക് ഗാന്ധി ജയന്തി ദിവസം വിതരണം ചെയ്യാനായി വാങ്ങിയ വിത്തുകൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
ചെറുപയര്‍, മല്ലി, കടുക്, മുളക്, പയര്‍, ചോളം, മത്തങ്ങ, പടവലങ്ങ, ഉഴുന്ന്, വെള്ളരി, വാളരി പയര്‍ , ഉലുവ, വഴുതനങ്ങ, ചീര, ജാക്ബീൻ, കുമ്പളം, വെണ്ട, പാവക്ക, ചുരക്ക തുടങ്ങിയവയുടെ വിത്തുകളാണ് ചിത്രം ഒരുക്കാനായി ഉപയോഗിച്ചത്. മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമാണ് ഇതിനായി വിത്തുകൾ വാങ്ങിയത്.